അപകടയാത്ര ഒഴിവാക്കി വാഹനയാത്രികർ
ഒറ്റപ്പാലം: ഒറ്റപ്പാലം - ചെർപ്പുള്ളശേരി പാത യിലൂടെ യാത്ര നരകതുല്യത്തിനുമപ്പുറമെന്നു യാത്രികർ. യാത്രക്കാരെ വലയ്ക്കുന്ന കടുത്ത ദുരിതത്തിന് എന്നു പരിഹാരമാവുമെന്ന് പറയാനാവില്ല. വിരലിലെണ്ണാവുന്ന ജീവനക്കാരാണ് പാതയിൽ നിർമാണ പ്രവൃത്തികൾ നടത്തുന്നത്.
ഈ നില തുടർന്നാൽ നടപ്പുവർഷവും പാതയുടെ പ്രവൃത്തികൾ പൂർത്തീകരിക്കപ്പെടില്ല. ഒറ്റപ്പാലം മുതൽ ചെർപ്പുളശേരി വരെ റോഡിൽ ചെറുതും വലുതുമായ കുഴികൾ നിരവധിയാണ്. വാഹനങ്ങൾ ഏതു രീതിയിൽ വെട്ടിച്ചെടുത്താലും കുഴിയിൽപ്പെടുന്ന അവസ്ഥ. ബസുകളും, ഇരുചക്രവാഹനങ്ങളും എല്ലാം ഒരുപോലെ അപകടത്തിൽപെടുന്നതും അപകടകരവുമാണ് യാത്ര.
മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും. ഇതറിയാതെ വാഹനം ഓടിക്കുന്നവർ കുഴികളിൽപ്പെട്ട് അപകടത്തിൽ ചാടുന്നതും നിത്യ സംഭവമായി തീർന്നിട്ടുണ്ട്.
നൂറുകണക്കിനു വാഹനങ്ങൾ പാതയെ ഇപ്പോൾതന്നെ കൈയൊഴിഞ്ഞമട്ടാണ്. മറ്റു യാത്രാമാധ്യമങ്ങളാണ് ഇപ്പോൾ ഇവർ തെരഞ്ഞെടുക്കുന്നത്.
പാതയിൽ ടാറിന്റെ അംശം പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതേസമയം കിഴൂരിനപ്പുറം ചെർപ്പുളശേരി ടൗൺ പരിസരം വരെയുള്ള ഭാഗത്തെ നവീകരണം ആദ്യഘട്ടത്തിൽ പൂർത്തിയായതാണ് ഏക നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. സ്ഥലമേറ്റെടുപ്പും വളവുകൾ നിവർത്തലും ഉൾപ്പെടെ റോഡ് വിപുലീകരണം സംബന്ധിച്ച സാങ്കേതിക കുരുക്കുകളിൽപെട്ടു രണ്ടാംഘട്ട പദ്ധതി തുടങ്ങാൻ തന്നെ ഏറെ വൈകിയിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ പദ്ധതി ഒരു വർഷവും ആറുമാസവും പിന്നിടുമ്പോൾ പൂർത്തിയായതു പാതയോരത്തെ ചാലുകളുടെയും ഏതാനും കലുങ്കുകളുടെയും നിർമാണം മാത്രമാണ്. ആകെ 27 കലുങ്കുകളാണു പാതയിൽ നിർമിക്കേണ്ടത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണു പാതയുടെ നിർമാണച്ചുമതല. കരാർ പ്രകാരമുള്ള നിർമാണ കാലാവധി മാർച്ച് 31നു പൂർത്തിയായതാണ്.
54 കോടി രൂപ ചെലവിൽ കെആർഎഫ്ബിയുടെ (കേരള റോഡ് ഫണ്ട് ബോർഡ്) നേതൃത്വത്തിലാണു പാതയുടെ നവീകരണം. ഒറ്റപ്പാലം മുതൽ ചെർപ്പുളശ്ശേരി വരെയുള്ള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി രണ്ടുഘട്ടങ്ങളായി വീതികൂട്ടി നവീകരിക്കാൻ ആറുവർഷം മുമ്പാണു പദ്ധതി തയാറാക്കിയത്.
ഇഴഞ്ഞുനീങ്ങിയിരുന്ന പണി ഇതിനിടെ നിലക്കുകയും ചെയ്തിരുന്നു. താലൂക്കിലെ രണ്ടു പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഒറ്റപ്പാലത്തു നിന്നു മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കാനുള്ള പ്രധാനപാതയും ഇതുതന്നെയാണ്. ഒറ്റപ്പാലം മേഖലയിൽ നിന്ന് ആശുപത്രി ആവശ്യങ്ങൾക്കു പെരിന്തൽമണ്ണയിലേക്കു പോകുന്ന രോഗികൾ ഉൾപ്പെടെയാണു യാത്രാദുരിതം അനുഭവിക്കുന്നത്.